Friday, December 5, 2014

എടിഎം ഇടപാടുകളുടെ എണ്ണം കുറച്ചത് ഇതിന് കൂടിയാണ്

എടിഎം ഇടപാടുകളുടെ എണ്ണം കുറച്ചത്  ഇതിന് കൂടിയാണ് 

ഇപ്പോഴുള്ള എടിഎം ഉപയോഗം പരിമിതപ്പെടുത്തുന്നതിന്റെ മുഖ്യകാരണം നിങ്ങളുടെ കാര്‍ഡ് ഉപയോഗരീതി അല്ലെങ്കില്‍ ശീലം Behavioural Shift മാറ്റിയെടുക്കുക കൂടി ലക്ഷ്യമിട്ടുള്ളതാണ്. കടകളില്‍ ചെല്ലുമ്പോള്‍ കാര്‍ഡ് നല്‍കുക. അത് വഴി മറ്റൊരു നേട്ടവും ഉണ്ട്, ഉപയോക്താവ് ഒരു പക്ഷെ കടയിലെ ബില്‍ തുക/തീയതി എന്നിവ മറന്ന് പോയാല്‍ പോലും വിശദ ബാങ്ക് അക്കൌണ്ട് സ്റ്റേറ്റ്മെന്റ് വഴി അറിയാവുന്നതേയുള്ളൂ.

...............................................................................................................................................

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് എ.കെ രമേശ് എഴുതുന്നു: എ.ടി.എം യൂസര്‍ഫീ: ഇത് കൊള്ള തന്നെ!


...............................................................................................................................................

ഒരു ചോദ്യം ചോദിച്ചു കൊണ്ട് തുടങ്ങാം. എന്തുകൊണ്ടാണ് എടിഎം ഉപയോഗം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക്, ഇങ്ങനെ ബാങ്കുകളെ അനുവദിച്ചത്?

ഇക്കഴിഞ്ഞ ആഗസ്റ് 14 ന് റിസര്‍വ് ബാങ്ക് പുറപ്പടുവിച്ചിരുന്ന സര്‍ക്കുലറില്‍, ഉയരുന്ന എടിഎം പരിപാലന ചിലവ് സൂചിപ്പിച്ചിരുന്നു. ഒരു എടിഎം ഇടപാട് നടക്കുമ്പോള്‍ ഏകദേശം 20 രൂപ ബാങ്കിന് ചിലവ് ഉണ്ടാകുന്നു. അതേ സമയം ശാഖയിലെ ഇടപാട് ഒന്നിന് 40 രൂപക്ക് മേലെ ചിലവ് ഉണ്ടാകും. ഇത് ചെറുതായി എങ്കിലും ഒന്ന് പരിമിതപ്പെടുത്തുന്നത് ബാങ്കിന്റെ ധനകാര്യ ആരോഗ്യത്തിന് മാത്രമല്ല മറ്റൊരു തരത്തില്‍ ഇടപാടുകാര്‍ക്കും നല്ലത് തന്നെ. കാരണം പരിമിതിയില്ലാത്ത എടിഎം ഉപയോഗം ക്യൂവിന്റെ നീളം കൂട്ടുകയേ ഉള്ളൂ. സേവനം അത് എന്ത് തന്നെയായാലും ഒരു പരിധി എല്ലാ ഓഹരിയുടമകള്‍ക്കും നല്ലതാണ്. ഇങ്ങനെ ഉണ്ടാകുന്ന ചിലവ് ഇടപാടുകാരുമായി പങ്ക് വയ്ക്കുന്നതിന്റെ ശരിതെറ്റുകള്‍ അല്ല ഇവിടെ വിഷയം. അത് എത്ര എണ്ണം വേണം അതിനെത്ര രൂപ ഈടാക്കണം എന്നതൊക്കെ അതാത് ബാങ്കുകളുടെയും നിയന്ത്രണാധികാരികളുടെയും വിഷയം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ അത് നടപ്പാക്കട്ടെ.

എന്നാല്‍ ഇതല്ല യഥാര്‍ത്ഥ കാരണം. മറ്റ് ചില കാര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. നിലവില്‍ പ്ലാസ്റിക് പണവിനിമയം അതായത് കാര്‍ഡ് വഴിയുള്ള ഇടപാട് ഇന്ത്യയില്‍ കാര്യമായ തോതില്‍ ഉയരുന്നില്ല. കടകളില്‍ പോയി സാധനം വാങ്ങാന്‍ തൊട്ടടുത്ത എടിഎമ്മില്‍ നിന്ന് പണം എടുത്ത് കടയില്‍ കൊടുക്കുന്ന ഏര്‍പ്പാട് സര്‍വത്ര. എന്നാല്‍ കടയിലെ കാര്‍ഡ് ഉരസല്‍ (PoS Terminal/Swipe Card Reader) വഴി അനായാസം സാധിക്കാവുന്നതേയുള്ളൂ. ഇത് കാര്യമായി ഉയര്‍ത്തേണ്ടത് സര്‍ക്കാരിന്റെയും ആര്‍ ബി ഐ യുടേയും ആവശ്യമാണ്.



കാര്‍ഡ് -കട വിനിമയം: നേട്ടമെന്ത്?

പണവിനിമയം ഇലക്ട്രോണിക് വഴികളിലൂടെ ആയാല്‍, കള്ളപ്പണം കാര്യമായ തോതില്‍ കുറയ്ക്കാനാകും. നികുതിവരവ് വര്‍ധിപ്പിക്കാം. ഇപ്പോള്‍ നാം വാങ്ങുന്ന ഉല്‍പന്നത്തിന് എല്ലാ തലത്തിലും കൃത്യമായി നികുതി സര്‍ക്കാര്‍ ഖജനാവുകളിലേക്ക് എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കല്‍ കടുകട്ടി ഏര്‍പ്പാട് ആണ് എന്ന് പറയേണ്ടതില്ലല്ലോ. ഇപ്പറയുന്നതിന്റെ സാധുത അറിയണമെങ്കില്‍ സ്വര്‍ണം എടുക്കാന്‍ പോകുമ്പോള്‍ നാമെല്ലാം കാര്‍ഡ് വഴി മാത്രമേ പണം നല്‍കൂ എന്ന് ഒന്ന് പറഞ്ഞ് നോക്കൂ അപ്പോള്‍ അറിയാം കാര്യത്തിന്റെ കിടപ്പുവശം. അധിക ചാര്‍ജ് / നികുതി വരും എന്ന് മറുപടി ക്ഷണനേരം കൊണ്ട് എത്തും. അപ്പോള്‍ പണം കൈകൊണ്ട് രൊക്കം കൊടുത്താലോ?

ശരിയാണ് കാര്‍ഡ് വഴി എടുക്കുമ്പോള്‍ തീരെ നേരിയ വിനിമയനിരക്ക് ഈടാക്കുന്നുണ്ട്, ഇത് മിക്ക അവസരങ്ങളിലും കടയുടമ തന്നെയാണ് വഹിക്കേണ്ടത്. ഇകൊമേഴ്സ് പോര്‍ട്ടലുകളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ മുതല്‍ നമ്മുടെ നാട്ടിലെ ഇടത്തരം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വരെ ഈ നേരിയ സേവന നിരക്ക് കടയുടമ തന്നെയാണ് വഹിക്കുന്നത്. പരമാവധി ചില്ലറ വില എന്നത് ഇതൊക്കെ ചേര്‍ത്തുള്ളതാണ്. ഈ പിഓഎസ് ടെര്‍മിനല്‍ വഴിയുള്ള വിനിമയത്തിന്റെ നിലവിലുള്ള രീതി Rupay കാര്‍ഡ് വ്യാപകമാകുന്നതോടെ നിര്‍ണായകമായി മാറും. വിസാ/മാസ്റര്‍കാര്‍ഡുകളുടെ ഇന്ത്യന്‍ മറുപടി ആണല്ലോ Rupay കാര്‍ഡ്.

ഇപ്പോഴുള്ള എടിഎം ഉപയോഗം പരിമിതപ്പെടുത്തുന്നതിന്റെ മുഖ്യകാരണം നിങ്ങളുടെ കാര്‍ഡ് ഉപയോഗരീതി അല്ലെങ്കില്‍ ശീലം Behavioural Shift മാറ്റിയെടുക്കുക കൂടി ലക്ഷ്യമിട്ടുള്ളതാണ്. കടകളില്‍ ചെല്ലുമ്പോള്‍ കാര്‍ഡ് നല്‍കുക. അത് വഴി മറ്റൊരു നേട്ടവും ഉണ്ട്, ഉപയോക്താവ് ഒരു പക്ഷെ കടയിലെ ബില്‍ തുക/തീയതി എന്നിവ മറന്ന് പോയാല്‍ പോലും വിശദ ബാങ്ക് അക്കൌണ്ട് സ്റ്റേറ്റ്മെന്റ് വഴി അറിയാവുന്നതേയുള്ളൂ.

ലഭ്യമായ പുതിയ കണക്ക് അനുസരിച്ച് ഇന്ന് ഇന്ത്യയില്‍ എടിഎമ്മിന്റെ ആറര ഇരട്ടി PoS Terminal (കടകളിലെ കാര്‍ഡ് ഉരസല്‍ ഉപകരണം) ഉണ്ട്. എന്നാല്‍ എടിഎം ഇടപാടുകളുടെ അഞ്ചിലൊന്ന് പോലും കടകളിലെ കാര്‍ഡ് ഇടപാട് വഴി നടക്കുന്നില്ല. ഈ സ്ഥിതി പതിയെ മാറ്റിക്കൊണ്ട് വരുന്നതാണ് ലക്ഷ്യം. എടിഎം ഇടപാടിന്റെ എണ്ണത്തിനാണ് നിയന്ത്രണം എന്നാല്‍ കടകളിലെ ഉപകരണത്തില്‍ കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കുന്നതില്‍ ഒരു നിയന്ത്രണവുമില്ല, യഥേഷ്ടം ഇടപാട് നടത്താവുന്നതാണ്.


സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടം
മറ്റൊരു നേട്ടം പൌരന്മാരുടെ പക്കല്‍ കറന്‍സി നോട്ട് വയ്ക്കുന്നതിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടം അത് ബാങ്ക് ടു ബാങ്ക് ഇടപാട് ആക്കുന്നതാണ്. കടകളില്‍ കാര്‍ഡ് നല്‍കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം ഇലക്ട്രോണിക് ആക്കി മാറ്റുക മാത്രമാണ്. അതായത് പണം എപ്പോഴും ഏതെങ്കിലും ഒരു ഔദ്യോഗിക ശൃംഖലയില്‍ ആയിരിക്കും. ഉപയോക്താവും കടക്കാരനും അത് സ്വന്തം പക്കല്‍ വയ്ക്കുന്നില്ല എന്ന് ചുരുക്കി പറയാം. അതില്‍ സുരക്ഷയും ഉണ്ട്.

ഇങ്ങനെ ചെയ്യുക വഴി സമ്പദ് വ്യവസ്ഥയുടെ കൃത്യമായ ചിത്രം, മെച്ചപ്പെട്ട നികുതിവരവ് ഒക്കെ ലഭിക്കും. സ്വന്തം കീശയില്‍ അല്ലെങ്കില്‍ വീട്ടില്‍ കറന്‍സി ഇരുന്നാല്‍ അത് പണവ്യവസ്ഥയില്‍ ചലിക്കുന്നില്ല. പണം ഔദ്യോഗിക ശ്രംഖലയിലൂടെ ഇലക്ട്രോണിക് ആയി വിനിമയം ചെയ്യാന്‍ ഉപാധികള്‍ ഇന്ന് ഇന്റര്‍നെറ്റ് കാലത്ത് ഉണ്ട്. അത് ഇ ബാങ്കിംഗ് ആയാലും കടകളില്‍ കാര്‍ഡ് വഴി പണം നല്‍കുന്ന ഏര്‍പ്പാട് ആയാലും മെച്ചപ്പെട്ട തരത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്ന് ഉപയോഗിച്ച് തുടങ്ങിയാല്‍ എടിഎം സാര്‍വത്രികമായത് പോലെ കാര്‍ഡ് ഇടപാടും സജീവമാകും.

ഒരു പക്ഷെ ഇതൊക്കെ നടക്കുമോ എന്ന് ചിന്തിക്കുന്ന കുറച്ചധികം വായനക്കാര്‍ എങ്കിലും ഉണ്ടാകും. എന്നാല്‍ ഒന്നറിയുക ഇന്ത്യയില്‍ എടിഎം വന്നപ്പോള്‍, ഇകൊമേഴ്സ് വന്നപ്പോള്‍ ഒക്കെ ഇതെവിടെ വരെ പോകാന്‍ എന്ന് ശങ്കിച്ചവര്‍ പുരികം വളച്ചവര്‍ ഒക്കെ ഉണ്ടായിരുന്നു. പിന്നീട് എന്തായി എന്നത് ചരിത്രം.


ആദ്യം പിണക്കം പിന്നെ ഇണക്കം
അതും കഴിഞ്ഞ് വണക്കം

സമീപ ഭാവി കാലത്ത് തന്നെ കടകളിലെ ഇലക്ട്രോണിക് പണം പതിയെ കാര്‍ഡ് ഉപയോഗം വഴി വ്യാപകമാകും. മാസ എടിഎം ഉപയോഗം എണ്ണം 5+3 ആക്കി നിര്‍ത്താന്‍ എങ്കിലും കാര്‍ഡ് കടകളില്‍ കൊടുത്ത് തുടങ്ങും, അത് അനായാസ പരിപാടി ആണെന്ന് ബോധ്യമാകുന്നതോടെ ഇപ്പോഴുള്ള പത്ത് ലക്ഷത്തോളം under utilised PoS Terminal ഉഷാറാകുമെന്ന് കണക്കാക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ അവസാനത്തെ കണക്ക് പ്രകാരം രാജ്യത്ത് 1.66 ലക്ഷം എടിഎം ഉള്ളപ്പോള്‍ കടകളില്‍ 10.81 ലക്ഷം മെഷീനുകള്‍ ഉണ്ട്. എ.ടി.എമ്മില്‍ നടക്കുന്ന തോതില്‍ തന്നെ വിനിമയം കടകളിലെ മെഷീനില്‍ നടന്നാല്‍ തന്നെ കാര്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ മാറും.

കാര്‍ഡ് വഴി പണമിടപാട് നടത്തുന്നത് ശരിയായ തരത്തില്‍ നിങ്ങള്‍ കൊടുക്കുന്ന നികുതി സര്‍ക്കാരിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കല്‍ കൂടിയാണെന്ന് പറയേണ്ടതില്ലല്ലോ. ഒരു പക്ഷെ ഏതാനും വര്‍ഷം കഴിഞ്ഞ് ഇക്കാര്യം ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ ചിരി വന്നേക്കാം, കാരണം ഇപ്പോള്‍ ആരും ബാങ്ക് ശാഖയിലേക്ക് പോയി ക്യൂ നില്‍ക്കാറില്ലല്ലോ. നമുക്ക് എടിഎം ഉണ്ട്. ഈ ശൈലീമാറ്റം Behavioural Shift സംഭവിച്ചത് പോലെ, എടിഎം ല്‍ നിന്ന് കാര്‍ഡ് പേയ്മെന്റ് എന്ന നിലയിലേക്ക് മാറിക്കോളും, അതിനുള്ള നിലമൊരുക്കല്‍ ആണ് ഈ കാര്‍ഡ് ഉപയോഗ നിയന്ത്രണം. ലളിതമായി പറഞ്ഞാല്‍ ആദ്യം പിണക്കം പിന്നെ ഇണക്കം അതും കഴിഞ്ഞ് വണക്കം എന്നത് എല്ലാ ഇത്തരം കാര്യങ്ങളിലും നമുക്ക് പതിവുള്ളതാണല്ലോ.

നിലവിലുള്ള 5:3 എന്ന എടിഎം നിയന്ത്രണം, 5( നേരത്തെ അണ്‍ലിമിറ്റഡ്) +3(നേരത്തെ അഞ്ച്) എന്നത് 10:3 എന്നതിലേക്ക് മാറ്റാവുന്നതാണ്. അതായത് സ്വന്തം ബാങ്ക് എടിഎം 10 തവണ അന്യബാങ്ക് എടിഎം മൂന്ന് തവണ എന്ന രീതി വന്നാല്‍ തല്‍കാലം പരാതിക്ക് ഇട കൊടുക്കാതെ മുന്നോട്ട് പോകാം. ഈ എണ്ണം ബാങ്കുകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടും. ചില ബാങ്കുകള്‍ എടിഎം നിയന്ത്രണം വേണ്ട എന്ന് തന്നെ തീരുമാനിക്കുന്നത് അതാത് സ്ഥാപനത്തിന്റെ പ്രവര്‍ത്തന സ്വാതന്ത്യ്രം. എന്തു തന്നെയായാലും കടകളിലെ കാര്‍ഡ് ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ഒപ്പം തന്നെ എല്ലാ വ്യാപാരികളുടെ പക്കലും ഒന്നില്‍ കൂടുതല്‍ കാര്‍ഡ് ഉപകരണം എത്തിക്കണം. ഗ്രാമങ്ങളിലേക്ക് വരെ ഈ കാര്‍ഡ് ഉപയോഗം വ്യാപകമാട്ടെ.

ഒരു കാര്യം കൂടി സൂചിപ്പിച്ച് കൊണ്ട് അവസാനിപ്പിക്കാം പരമാവധി പണകൈകാര്യം കാര്‍ഡ്/മൊബൈല്‍ ബാങ്കിംഗ്/നെറ്റ് വഴി ആയാല്‍ പിന്നെ അത്ര കുറച്ച് കറന്‍സി നോട്ടും അച്ചടിച്ചാല്‍ മതിയല്ലോ. പലവിദേശ രാജ്യങ്ങളിലും കാര്യമായ തോതില്‍ തന്നെ പണം ഓണ്‍ലൈനില്‍ ആയിക്കഴിഞ്ഞു. നമ്മളും ആ വഴിക്ക് തന്നെ, അത് ഒന്ന് ത്വരിതപ്പെടുത്താന്‍ കൂടി ഉദ്ദേശിച്ചുള്ള നിയന്ത്രണം ആയി കൂടി കാണാം ഇപ്പോഴുള്ള എടിഎം ഇടപാട് പരിമിതപ്പെടുത്തല്‍.

വിരാമതിലകം: ആദ്യം നെല്ലിയ്ക്ക കയ്ക്കും, പിന്നെ മധുരിക്കും

വിവരത്തിന് കടപ്പാട് : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ലോകബാങ്ക്, ദി മിന്റ് ദിനപത്രം

 ........................................................................................................

അഖിലേന്ത്യാ പ്രസിഡന്റ് എ.കെ രമേശ് എഴുതുന്നു: എ.ടി.എം യൂസര്‍ഫീ: ഇത് കൊള്ള തന്നെ!

No comments:

Post a Comment