അമേരിക്കയില്‍ തുടങ്ങും, ഇന്ത്യവഴി ബ്രസീലിലെത്തി അവസാനിക്കും. ഓര്‍ക്കുട്ടിന്റെ ജനനവും മരണവുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളെപ്പറ്റി കുറച്ചുനാളായി പറഞ്ഞുകേള്‍ക്കു ന്ന തമാശയാണിത്. അതൊക്കെ പണ്ട്. ഇന്ന് ആഗോള ഇന്റര്‍നെറ്റ് കമ്പനികള്‍ നോട്ടമിട്ടിരിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് നമ്മളെന്ന് എല്ലാവര്‍ക്കുമറിയാം.
ആഗോള ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങ് കേന്ദ്രങ്ങള്‍ക്ക് ഇന്ത്യ ഒരു പരീക്ഷണശാലയാകുന്നത് എങ്ങിനെയെന്ന് ഒന്നു കൂടി തെളിയിക്കുകയാണ് അമേരിക്കയിലെ പ്രമുഖ മാര്‍ക്കറ്റിങ് ഗവേഷണ സ്ഥാപനമായ ഇ മാര്‍ക്കറിന്റെ (വങമിക്ഷവി) പഠനം. ഇത് വെറും കണക്കല്ല, അതിനു പിന്നില്‍ കുറച്ച് കാര്യവുമുണ്ട്.
ഒരു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഫെയ്സ്ബുക്കിലേക്കും ട്വിറ്ററിലേക്കും ഒഴുകിയെത്തിയെന്നും കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 37.4 ശതമാനമാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് മേഖലയിലെ വളര്‍ച്ചയെന്നുമാണ് പഠന റിപ്പോര്‍ട്ടിന്റെ കാതല്‍.
6.3 കോടി നഗരവാസികളായിരുന്നു കഴിഞ്ഞവര്‍ഷം സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളുപയോഗിച്ചിരുതെങ്കില്‍ ഇപ്പോള്‍ അത് 8 കോടിയായി ഉയര്‍ന്നു. 2013 -ന്റെ തുടക്കത്തില്‍ നഗരത്തിലും ഗ്രാമത്തിലും കൂടി 7.8 കോടി പേരുണ്ടായിരുന്നു ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍. തൊട്ടുമുമ്പത്തെ വര്‍ഷം അതിന്റെ പകുതിയേ ഉണ്ടായിരുന്നുള്ളൂ എന്നോര്‍ക്കണം.
അമേരിക്കയ്ക്ക് പുറത്ത് ഫെയ്സ്ബുക്ക് ഉപയോഗത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമെ ന്ന പദവിയാണ് നമുക്കെങ്കില്‍, ഈ പോക്കുപോയാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ ഉപയോക്താക്കളാകുമെന്നാണ് കണക്ക്. സൗഹൃദം പങ്കിടുന്ന കാര്യത്തില്‍ മാത്രമല്ല, മാര്‍ക്കറ്റിങ്ങിന്റെ കാര്യത്തിലും നമ്പര്‍ വണ്ണാണ് ഫെയ്സ്ബുക്ക് ഇന്ന്. കൈയില്‍ ചില്ലറ കാശുള്ളവനും വലിയവനും വലിയ ചടങ്ങുകളൊന്നുമില്ലാതെ പരസ്യം ചെയ്യാവുന്ന സ്ഥലമാണല്ലോ അത്.
ഇനി മുതല്‍ ആഗോള കമ്പനികള്‍ക്ക് സ്വന്തം സാധനങ്ങള്‍ കാമ്പയിന്‍ ചെയ്യാനും അതില്‍ നിന്ന് ലിങ്കിട്ട് അവരവരുടെ ഇ-കോമേഴ്സ് വെബ്സൈറ്റുകളില്‍ ആളെ ചേര്‍ക്കാനുംസാധനങ്ങള്‍ വില്ക്കാനും കൂടുതല്‍ സാധ്യത ലഭിക്കുമെന്നും പറയാം. അത്തരം സാധ്യതകളന്വേഷിച്ചാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, മീഡിയ, കോമേഴ്സ് മേഖലയിലെ സ്വതന്ത്ര ഗവേഷകരായ ഇ മാര്‍ക്കര്‍ എല്ലാ വര്‍ഷവും ഇത്തരം ഗവേഷണവുമായി മുന്നോട്ടു പോകുന്നത്.
ഇന്ത്യയില്‍ സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയുടെ മുഖ്യ കാരണം സ്മാര്‍ട്ട്‌ഫോണ്‍ മേഖലയിലെ കുതിച്ചുചാട്ടമാണ്. സെല്‍ഫോണ്‍ മേഖലയിലെ ആദ്യ കമ്പനികളിലൊന്നായ എറിക്‌സണ്‍ ഈയിടെ പുറത്തുവിട്ട കണക്കനുസരിച്ച് ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തില്‍ ഏറ്റവും വളര്‍ച്ചയുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യക്കാര്‍ പ്രതിദിനം ശരാശരി 3.18 മണിക്കൂര്‍ സെല്‍ഫോണില്‍ ടച്ചു ചെയ്തിരിക്കുന്നുവെന്നാണ് അവര്‍ പുറത്തുവിട്ട കണക്ക്. മറ്റു ചില ഏഷ്യന്‍ രാജ്യങ്ങളില്‍ വെറും അമ്പതുമിനിട്ട് സ്മാര്‍ട്ട്ഫോണിന് മുന്നില്‍ ചെലവഴിക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം. അതിന്റെ മൂന്നിലൊന്നു സമയം ചെലവഴിക്കുന്നത് വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകളിലാണ്.
കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്കുനോക്കിയാല്‍ 63 ശതമാനമാണ് ആപ്പുകളുടെ ഉപയോഗത്തില്‍ ഇന്ത്യയില്‍ കണ്ട വളര്‍ച്ച. ചുരുക്കമിതാണ്: സോഷ്യല്‍ മീഡിയയുടെ കാര്യത്തിലായാലും ആപ്പുകളുടെ കാര്യത്തിലായാലും അപ്രതീക്ഷിതമായ മുന്നേറ്റമാണ് ഇന്ത്യ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. (ആഗോള തലത്തിലാണെങ്കില്‍ ഈ വളര്‍ച്ച മന്ദഗതിയിലാണ്.) എന്നുവെച്ചാല്‍, നമ്മുടെ മറ്റൊരു അവയവമായി സ്മാര്‍ട്ട്ഫോണ്‍ മാറിയ പുതിയ കാലത്ത് ഈ വളര്‍ച്ച സാമൂഹിക ജീവിതത്തിലും കച്ചവടരംഗത്തും രാഷ്ട്രീയ രംഗത്തുമെല്ലാം വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും. കുളിക്കാനുള്ള സോപ്പുപോലും ഫ്ലിപ്കാര്‍ട്ടിലൂടെ വാങ്ങുന്ന കാലമാണിത്.
No comments:
Post a Comment