Monday, January 26, 2015

ഒരു അധ്യാപകനും 260 ലക്ഷം വിദ്യാര്‍ഥികളും


ഒരു ക്ലാസ് റൂം; ഒരു അധ്യാപകന്‍; 260 ലക്ഷം വിദ്യാര്‍ഥികള്‍! ഇങ്ങനെയൊരു ക്ലാസ് സങ്കല്‍പ്പിക്കാനാകുമോ? സങ്കല്‍പ്പത്തിനും അപ്പുറത്തേക്ക് മനുഷ്യസാധ്യതകളെ എത്തിക്കുകയാണ് ഓണ്‍ലൈന്‍ ലോകമെന്ന് 24 കാരനായ സാക് സിംസിന്റെ ഉദാഹരണം വ്യക്തമാക്കുന്നു.

ലോകത്താകെ 260 ലക്ഷം വിദ്യാര്‍ഥികളുള്ള 'അധ്യാപകനാ'ണ് സാക്. 'കോഡെക്കാദമി' ( Codecademy ) എന്ന വെബ്ബ്‌സൈറ്റാണ് ഇവരുടെ ക്ലാസ് റൂം. ലളിതമായ ഇന്റര്‍ഫേസിലൂടെ ആറ് പ്രധാന പ്രോഗ്രാം ലാംഗ്വേജുകള്‍ സൗജന്യമായി അഭ്യസിപ്പിക്കുകയാണ് കോഡെക്കാദമി ചെയ്യുന്നത്.

കൊളംബിയ സര്‍വകലാശാലയില്‍നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കാതെ പുറത്തുവന്ന സാക്, റയാന്‍ ബബിന്‍സ്‌കി എന്ന സുഹൃത്തിനൊപ്പം 2011 ല്‍ കോഡക്കാദമി സ്ഥാപിക്കുകയായിരുന്നു.

സൈറ്റ് തുടങ്ങി ഒരാഴ്ചയ്ക്കകം രണ്ടുലക്ഷം പേര്‍ അത് പ്രയോജനപ്പെടുത്താന്‍ മുന്നോട്ടുവന്നതായി, ദാവോസില്‍ ലോക സാമ്പത്തികഫോറത്തില്‍ സംസാരിക്കുമ്പോള്‍ സാക് പറഞ്ഞു.

ഇപ്പോള്‍ നൂറിലേറെ രാജ്യങ്ങളില്‍നിന്ന് ആളുകള്‍ കോഡെക്കാദമി വഴി പ്രോഗ്രാം ലാംഗ്വേജുകള്‍ പഠിക്കുന്നു. അതില്‍ ആഫ്രിക്കയിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നവര്‍ മുതല്‍ അമേരിക്കയിലെ തൊഴില്‍രഹിതയായ വീട്ടമ്മമാര്‍ വരെയുണ്ട്!

തനിക്ക് സ്വന്തമായി പ്രോഗ്രാമിങ് പഠിക്കാനാണ് കോഡെക്കാദമി തുടങ്ങിയതെന്ന് സാക് അറിയിക്കുന്നു. 'പിന്നീട്, സുഹൃത്തായ റയാന്‍ ബബിന്‍സ്‌കിയുടെ സഹായത്തോടെ സൈറ്റ് വികസിപ്പിച്ചു'.

'ഇപ്പോള്‍ 260 ലക്ഷം വിദ്യാര്‍ഥികളുള്ളതില്‍ സാമ്പത്തകമായി എല്ലാ തട്ടിലുമുള്ളവരുണ്ട്', സാക് പറഞ്ഞു. സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത ബിസിനസ് നേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും മുന്നില്‍ വിദ്യാഭ്യാസത്തിന്റെ നവസാധ്യത തുറന്നിടുന്നതായിരുന്ന സാകിന്റെ അനുഭവം. (കടപ്പാട്: ബിബിസി ന്യൂസ്) 

No comments:

Post a Comment