Monday, January 19, 2015

ലോകകപ്പിനു താരങ്ങൾ മതി, കാമുകിമാരും ഭാര്യമാരും വേണ്ട:ബിസിസിഐ





ലോകകപ്പ് ക്രിക്കറ്റിനു വരുമ്പോൾ ഭാര്യമാരേയും കാമുകിമാരേയും കൂടിക്കൂട്ടി ചുളുവിൽ ഒരു ഹണിമൂൺ ആഘോഷിക്കാമെന്നു ഇന്ത്യൻ താരങ്ങൾ വിചാരിക്കേണ്ട. ലോകകപ്പ് കളിക്കാൻ താരങ്ങൾ മാത്രം വന്നാൽ മതിയെന്ന് ബിസിസിഐ കർശനനിർദേശം നൽകി. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടനെ പുറത്തിറക്കും.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അഡ്ലയിഡിലെയും ബ്രിസ്ബേനിലെയും മൽസരം പരാജയപ്പെടാൻ കാരണം ടീം അംഗങ്ങൾക്ക് നൽകിയ അമിത സ്വാതന്ത്യ്രമാണെന്നാണ് ബിസിസിഐയുടെ നിരീക്ഷണം. ശിഖർ ധവാൻ, മുരളി വിജയ്, പൂജാര, അശ്വിൻ, ഉമേശ് യാദവ്, നായകൻ ധോണി എന്നിവർ ഭാര്യമാരുമായാണ് ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയ്ക്കെത്തിയത്.
മൽസരം നടക്കുന്ന ദിവസങ്ങളിലും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ഭാര്യമാർക്കൊപ്പം താരങ്ങൾ കറങ്ങി നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
ലോകകപ്പ് പോലുള്ള ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമിനൊപ്പം ഭാര്യമാരെ കൊണ്ടുപോകാൻ നിയമം അനുവദിക്കുന്നില്ല. താരങ്ങൾ അവരിൽ നിന്നു വിട്ടുനിൽക്കണമെന്നും ബിസിസിഐ വക്താവ് പറഞ്ഞു.

No comments:

Post a Comment