ന്യൂഡല്‍ഹി: കേണല്‍ മുനീന്ദ്രനാഥ് റായിക്ക് മകളുടെ ധീരോദാത്തമായ അന്ത്യാഞ്ജലി. അച്ഛന്റെ മൃതദേഹത്തിനടുത്തെത്തിയ പതിനൊന്നുകാരി അല്‍ക്ക കണ്ണീരിനിടയിലും ഗൂര്‍ഖ റൈഫിള്‍സിന്റെ ദേശാഭിമാനം ജ്വലിക്കുന്ന മുദ്രാവാക്യം മുഴക്കി; 'ഹോ കി ഹൊയിന, ഹോനെ ഹെ പര്‍ച' (ദൗത്യത്തിന് ഞങ്ങള്‍ തയ്യാര്‍). പിന്നെ സല്യൂട്ടടിച്ചു.
റിപ്പബ്ലൂക് ദിനത്തില്‍ ധീരതയ്ക്കുള്ള യുദ്ധസേവാ മെഡല്‍ ലഭിച്ചതിന്‍റെ പിറ്റേന്നാണ് കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ എം.എന്‍. റായി മരിച്ചത്. ഗൂര്‍ഖ റൈഫിള്‍സിലെ അംഗമായിരുന്നു അദ്ദേഹം. റായിയുടെ മൃതദേഹം വ്യാഴാഴ്ച സൈനിക ബഹുമതികളോടെ ഡല്‍ഹിയില്‍ സംസ്‌കരിച്ചു.
കരസേനാമേധാവി ജനറല്‍ ദല്‍ബീര്‍ സിങ് പുഷ്പചക്രം അര്‍പ്പിച്ചു. സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍! ചടങ്ങിനെത്തി.
ഗൂര്‍ഖ റൈഫിള്‍സിലെ കേണലായ മൂത്ത സഹോദരന്‍ വൈ.എന്‍. റായി ചിതയ്ക്ക് തീകൊളുത്തി.
നേതൃത്വഗുണത്തിന്റെ ഉത്തമോദാഹരണമായിരുന്നു കേണല്‍ എം.എന്‍. റായിയെന്ന് കരസേനാ മേധാവി അനുസ്മരിച്ചു.
അല്‍ക്കയുള്‍പ്പെടെ മൂന്നുമക്കളാണ് എം.എന്‍.റായിക്ക്. ആറ് വയസ്സുള്ള ഇളയമകന്‍ ആദിത്യ അച്ഛന്റെ കാല്‍ തൊട്ടുവന്ദിച്ചു. ഭര്‍ത്താവിന്റെ മൃതദേഹത്തില്‍ പുഷ്പങ്ങളര്‍പ്പിക്കാനെത്തിയ ഭാര്യ പ്രിയങ്ക കുഴഞ്ഞുവീണു. ജമ്മു കശ്മീരിലെ രഘുനാഥ് ക്ഷേത്രത്തില്‍ 2002-ല്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ വ്യക്തിയാണ് വൈ.എന്‍. റായി.
No comments:
Post a Comment