Monday, January 26, 2015

ലോകത്താകെ സൗജന്യ വാട്‌സ്ആപ്പുമായി വാട്ട്‌സിം


ഇനി നിങ്ങള്‍ക്ക് ലോകത്തെവിടെ സഞ്ചരിക്കുമ്പോഴും നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം നഷ്ടമാകുമെന്ന ഭയം വേണ്ട. കാരണം ലോകത്താകമാനം വാട്‌സ്ആപ്പ് കണക്ടിവിറ്റി നല്‍കുന്ന സിം പുറത്തിറക്കിയിരിക്കുകയാണ് ഇറ്റാലിയന്‍ കമ്പനിയായ സീറോമൊബൈല്‍.

വാട്ട്‌സ്ആപ്പ് ഉപയോഗത്തിന് മാത്രമുള്ള വാട്ട്‌സ്ആപ്പ്-ഒണ്‍ലി സിം ആണ് സീറോമൊബൈല്‍ പുറത്തിറക്കിയിരിക്കുന്നത്. 150 ലോകരാജ്യങ്ങളില്‍ വാട്ട്‌സിം വാട്ട്‌സ്ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ലോകത്താകമാനം 70 കോടി സജീവ പ്രതിമാസ ഉപയോക്താക്കളാണ് വാട്ട്‌സ്ആപ്പിനുള്ളത്.

മൊബൈല്‍ കമ്മ്യൂണിക്കേഷന്റെ ഭാവി വാട്ട്‌സ്ആപ്പിലാണ്. യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും റോമിങ് ചാര്‍ജുകള്‍ കൊണ്ട് വാട്ട്‌സ്ആപ്പ് ഉപയോഗിക്കാനാകാത്ത അവസ്ഥയുണ്ടാകാറുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് തങ്ങള്‍ വാട്ട്‌സിം പുറത്തിറക്കിയിരിക്കുന്നത്- സീറോമൊബൈല്‍ സ്ഥാപകനും സിഇഒയുമായ മാനുവല്‍ സനെല്ല റെഞ്ചിനീയര്‍ വിശദമാക്കി.

വാട്ട്‌സിം സ്വന്തമാക്കുന്നതോടെ 150 രാജ്യങ്ങളില്‍ ഒരു വര്‍ഷത്തെ ടെക്‌സ്റ്റ് സന്ദേശങ്ങളാണ് ഉപയോക്താവിന് സൗജന്യമായി ലഭിക്കുന്നത്. ഫോട്ടോ, വീഡിയോ ഡൗണ്‍ലോഡിങ്ങിനായി ക്രെഡിറ്റ് സംവിധാനം ഉപയോഗിക്കാം. ഇത് സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ സഹായകമാകും.



10 യൂറോ (ഏകദേശം 700 രൂപ) ആണ് വാട്ട്‌സിമ്മിന്റെ വില. ഓണ്‍ലൈന്‍ വഴി വാങ്ങുമ്പോള്‍ അഞ്ച് യൂറോ ഷിപ്പിങ് ചാര്‍ജും നല്‍കണം.

വാട്ട്‌സ്ആപ്പ് ഉപയോഗത്തിന് മാത്രം ഇതാദ്യമായല്ല സിം പുറത്തിറങ്ങുന്നത്. ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇത്തരത്തില്‍ സിം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇത് ചില രാജ്യങ്ങളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇത്രയും വ്യാപകമായ കവറേജ് നല്‍കുന്ന സിം ആദ്യമായാണ് പുറത്തിറങ്ങുന്നത്.

അതേസമയം വാട്ട്‌സിമ്മിന് എതിരെ ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സിമ്മിന്റെ വില നല്‍കുന്നതിലും നല്ലത് റോമിങ് നിരക്കുകളായിരിക്കുമെന്നതാണ് പ്രധാന വിമര്‍ശനം. ഒരു വര്‍ഷം കഴിയുമ്പോള്‍ സിം ഉപയോഗത്തിന്റെ ചാര്‍ജിനെ കുറിച്ചും കമ്പനി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ വാട്ട്‌സിമ്മിന്റെ പ്രചാരമനുസരിച്ച് സിമ്മില്‍ വില കുറയ്ക്കുന്നതും സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ആരായുന്നുണ്ടെന്നും സൂചനയുണ്ട്.

No comments:

Post a Comment