ലോകത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച മൊബൈല്‍ ഫോണ്‍ ഏത്? പത്തുവര്‍ഷം മുമ്പാണീ ചോദ്യമെങ്കില്‍ ഉത്തരം ഒന്നേയുണ്ടാകൂ. നോക്കിയ 1100. മികച്ച ബാറ്ററി ബാക്കപ്പ്, ഭാരം കുറഞ്ഞ ബോഡി, പോരാത്തതിന് ടോര്‍ച്ച് സൗകര്യവും... ഒരു സാധാരണഫോണില്‍ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാന്‍ ആരും തയ്യാറാകാത്ത കാലം. 2003 ലിറങ്ങിയ നോക്കിയ 1100 ലോകമെങ്ങുമായി 25 കോടി പേരാണ് സ്വന്തമാക്കി അഭിമാനിച്ചത്.
വര്‍ഷങ്ങള്‍ പിന്നിട്ടതോടെ മൊബൈല്‍ഫോണുകള്‍ക്കൊപ്പം ഉപയോക്താക്കളുടെ ആവശ്യങ്ങളും മാറി. ഫോണ്‍വിളിയും മെസേജ് അയക്കലും മാത്രം നടന്നിരുന്ന ഫീച്ചര്‍ ഫോണുകള്‍ വഴിയില്‍ കളഞ്ഞ് ജനമെല്ലാം സ്മാര്‍ട്‌ഫോണിന് പുറകെ പോയി. നോക്കിയ എന്ന വമ്പന്‍ ബ്രാന്‍ഡ് നഷ്ടത്തില്‍ മുങ്ങിക്കുളിച്ചു. ഒടുവിലവര്‍ കമ്പനിയും ബ്രാന്‍ഡ്‌പേരുമെല്ലാം മൈക്രോസോഫ്റ്റിന് വിറ്റ് തടി കഴിച്ചിലാക്കിയതും നമ്മള്‍ കണ്ടു.
അതോടെ നോക്കിയ എന്ന പേരില്‍ ഇനിയൊരിക്കലും ഫോണുകളിറങ്ങില്ലെന്ന് എല്ലാവരും കരുതി. നോക്കിയ ഏറ്റെടുക്കലിന് ശേഷം ഇറക്കിയ സ്മാര്‍ട്‌ഫോണുകള്‍ക്ക് മൈക്രോസോഫ്റ്റ് ലൂമിയ എന്ന് മാത്രം പേരിട്ടതോടെ ഇക്കാര്യങ്ങള്‍ ഉറപ്പായി. അംബാസിഡര്‍ കാറുകളും എച്ച്.എം.ടി. വാച്ചുകളും പോലെ നൊസ്റ്റാള്‍ജിയ നിരയിലേക്ക് നോക്കിയയും പതിയെ നീങ്ങുകയായിരുന്നു.
എന്നാല്‍ പരമ്പരാഗത നോക്കിയ ആരാധകരെ ആനന്ദത്തിലാഴ്ത്തുന്ന വാര്‍ത്തയുമായാണ് പുതുവര്‍ഷം പിറന്നത്. നോക്കിയ എന്ന പേരില്‍ തന്നെ മൈക്രോസോഫ്റ്റ് പുതിയൊരു ഫീച്ചര്‍ ഫോണ്‍ ഇറക്കിയിരിക്കുന്നു. 'നോക്കിയ 215' ( Nokia 215 ) എന്ന ഈ പുത്തന്‍ മോഡലിന് 29 ഡോളറാണ് (2195 രൂപ) കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന വില.
320 X 240 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 2.4 ഇഞ്ച് ക്യു.വി.ജി.എ. എല്‍.സി.ഡി. ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. എട്ട് എം.ബി.റാം, 0.3 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് ഇതിലെ മറ്റ് ഫീച്ചറുകള്‍.
കാര്യമിതൊരു ബേസിക് മോഡല്‍ ഫീച്ചര്‍ ഫോണാണെങ്കിലും സ്മാര്‍ട്‌ഫോണിലെ അത്യാവശ്യം കാര്യങ്ങള്‍ ഇതിലും നടക്കും. ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, ബിംഗ് സെര്‍ച്ച്, ട്വിറ്റര്‍ എന്നിവയിലേക്ക് പ്രവേശിക്കാന്‍ ഫോണില്‍ ഒപ്പേറ മിനി ബ്രൗസര്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഓരോ ദിവസത്തെയും കാലാവസ്ഥയറിയാന്‍ എം.എസ്.എന്‍. വെതര്‍ സൗകര്യവും ഒരുക്കിയിരിക്കുന്നു.
സ്മാര്‍ട്‌ഫോണ്‍ അല്ലാത്തതിനാല്‍ ഇതില്‍ 3ജി സംവിധാനമില്ല. ബ്ലൂടൂത്തുള്ളതിനാല്‍ ഹെഡ്‌സെറ്റുമായോ സ്പീക്കറുകളുമായോ ഫോണ്‍ പെയര്‍ ചെയ്യാനാകും. എഫ്്.എം. റേഡിയോ, എം.പി. 3 പ്ലെയര്‍, ടോര്‍ച്ച് എന്നിവയാണിതിലെ മറ്റ് സൗകര്യങ്ങള്‍.
ഡിസ്‌പ്ലേ മികവും റാം ശേഷിയുമൊക്കെ തീരെ കുറവാണെങ്കിലും നോക്കിയ 215 ന്റെ ബാറ്ററി കരുത്തറിയുമ്പോള്‍ ഏത് മുന്‍നിര സ്മാര്‍ട്‌ഫോണും നാണിച്ചു തല താഴ്ത്തും. ഒരു തവണ ഫുള്‍ചാര്‍ജ് ചെയ്താല്‍ പിന്നെയൊരു മാസത്തേക്ക് ഫോണ്‍ ചാര്‍ജ് ചെയ്യേണ്ടതില്ല. സിംഗിള്‍ സിം മോഡലിന് 29 ദിവസവും ഡ്യുവല്‍ സിം മോഡലിന് 21 ദിവസവുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്.
പച്ച, കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമായിട്ടുള്ള നോക്കിയ 215 മാര്‍ച്ച് മാസത്തിന് മുമ്പ് വിപണിയിലെത്തും. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ഗള്‍ഫിലും ആഫ്രിക്കയിലുമായിരിക്കും ഈ ഫോണ്‍ ആദ്യം വില്പനയ്‌ക്കെത്തുക.
ഈ രാജ്യങ്ങളില്‍ നിന്നെല്ലാമായി 100 കോടി ജനങ്ങള്‍ പുതുതായി ഇന്റര്‍നെറ്റിലേക്ക് പ്രവേശിക്കാനുണ്ട്. അത്തരം നവഇന്റര്‍നെറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് മൈക്രോസോഫ്റ്റ് ഇത്തരമൊരു ലോ-എന്‍ഡ് ഫോണ്‍ അവതരിപ്പിക്കുന്നത് (ചിത്രം കടപ്പാട്: മൈക്രോസോഫ്റ്റ്)
No comments:
Post a Comment