Monday, January 26, 2015

താമസിയാതെ ഇന്റര്‍നെറ്റ് 'അപ്രത്യക്ഷമാകു'മെന്ന് ഗൂഗിള്‍ തലവന്‍


ദാവോസ് (സ്വിറ്റ്‌സ്വര്‍ലന്‍ഡ്): അധികം വൈകാതെ ഇന്റര്‍നെറ്റ് 'അപ്രത്യക്ഷമാകു'മെന്ന് ഗൂഗിള്‍ മേധാവി എറിക് ഷിമിഡ്ത്. അത്രമാത്രം വ്യാപകമാകുന്നതിന്റെ ഫലമായി, പ്രകടമാകാത്ത തരത്തില്‍ ഇന്‍ര്‍നെറ്റ് പശ്ചാത്തലത്തില്‍ 'അപ്രത്യക്ഷമാകു'മെന്ന് അദ്ദേഹം പറഞ്ഞു.

ലാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുമ്പോഴാണ്, ഇന്റര്‍നെറ്റിന് സംഭവിക്കാന്‍ പോകുന്ന പരിണാമത്തെക്കുറിച്ച് ഷിമിഡ്ത് അഭിപ്രായം പ്രകടിപ്പിച്ചത്.

'സെന്‍സറുകള്‍ അത്രയേറെ ഉണ്ടാകും, ഉപകരണങ്ങളും. അതിനാല്‍, ഇന്റര്‍നെറ്റിനെപ്പറ്റി നിങ്ങള്‍ ആലോചിക്കുക പോലുമില്ല. അത് നിങ്ങള്‍ക്ക് ചുറ്റുമുണ്ടാകും' - ഗൂഗിള്‍ തലവന്‍ പറഞ്ഞു.

'സദാസമയവും അത് നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഒരു മുറിയില്‍ നിങ്ങള്‍ നടക്കുന്ന കാര്യം സങ്കല്‍പ്പിക്കുക...മുറിയിലുള്ള സര്‍വ സംഗതികളുമായി നിങ്ങള്‍ക്ക് ഇടപഴകാനാകും' - അദ്ദേഹം ചൂണ്ടിക്കാട്ടി. 'അങ്ങേയറ്റം പേഴ്‌സണലൈസ് ചെയ്യപ്പെട്ട, ഇന്ററാക്ട് ചെയ്യാന്‍ കഴിയുന്ന, വളരെ താത്പര്യജനകമായ ഒരു ലോകമാണ് രൂപപ്പെടുന്നത്'.

സാങ്കേതികവിദ്യയുടെ ആധിക്യം തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന വാദത്തെയും ഗൂഗിള്‍ മേധാവി ചോദ്യം ചെയ്തു. അത് തെറ്റായ വാദമാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

ടെക്‌നോളജി വഴി തൊഴില്‍ നഷ്ടമാകുമോ എന്ന ചര്‍ച്ച ഏതാണ്ട് നൂറുവര്‍ഷമായി നടക്കുകയാണ്- ഷിമിഡ്ത് ചൂണ്ടിക്കാട്ടി. ട്രാക്ടര്‍ വന്നപ്പോള്‍ കൃഷിപ്പണി നഷ്ടമായവരുടെ സ്ഥിതിയാണ് പലയിടത്തും. എന്നാല്‍, ഏവര്‍ക്കും കൂടുതല്‍ തുല്യത ലഭിക്കത്തക്ക വിധം ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. 

No comments:

Post a Comment