Monday, January 26, 2015

കസേരയിലും ഫ്രിഡ്ജിലും കണക്ടിവിറ്റി: വരുന്നത് ഇ-കാലം


വീട്ടിലെ കസേര മുതല്‍ വാട്ടര്‍ പ്യൂരിഫയര്‍ വരെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാവുന്ന കാലമാണോ വരാന്‍ പോകുന്നത്? അതെ. ലാസ്‌വെഗാസില്‍ രാജ്യാന്തര പ്രദര്‍ശനമായ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോ (സെസ് 2015) കണ്ടിറങ്ങുന്നവരെല്ലാം തല കുലുക്കി ഇക്കാര്യം സമ്മതിക്കും.

എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളിലും നെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കുന്ന 'ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്' എന്ന ആശയത്തെക്കുറിച്ചായിരുന്നു സെസ് വേദിയിലെത്തിയ ഇലക്‌ട്രോണിക്‌സ് കമ്പനി തലവന്‍മാരെല്ലാം സംസാരിച്ചത്.

സെസില്‍ മുഖ്യപ്രഭാഷണത്തിനെത്തിയ സാംസങ് സി.ഇ.ഒ. ബി.കെ. യൂന്‍ ഇതുസംബന്ധിച്ചുളള ചര്‍ച്ച തുടങ്ങിവച്ചു. 2020 ല്‍ സാംസങിന്റെ എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച യൂന്‍ 'സ്മാര്‍ട് ചെയര്‍' എന്നൊരു പുതിയ സാധ്യതയും മുന്നോട്ടുവെച്ചു. പുറത്തെ തണുപ്പിലൂടെ നടന്നുവന്ന് മുറിയിലെത്തുമ്പോള്‍ ചൂട് പകരാന്‍ ശേഷിയുള്ള കസേരയായിരിക്കുമിത്!

ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാവുന്ന ടി.വിയും മൈക്രോവേവ് അവനുമുള്‍പ്പെടെ നിരവധി ഗൃഹോപകരണങ്ങള്‍ ഇപ്പോള്‍ തന്നെ സാംസങ് വിപണിയിലെത്തിച്ചിട്ടുണ്ട്. 2017 ആകുമ്പോഴേക്കും 90 ശതമാനം സാംസങ് ഉത്പന്നങ്ങളും ഇന്റര്‍നെറ്റ് കണക്ടറ്റഡ് ആകും. 2020 ല്‍ വാട്ടര്‍ പ്യൂരിഫയറും വാക്യം ക്ലീനറുമടക്കം മുഴുവന്‍ ഉത്പന്നങ്ങളിലും കണക്ടിവിറ്റി എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

സാംസങ് സ്മാര്‍ട് ഡിവൈസുകളെ മറ്റ് ഗാഡ്ജറ്റുകളിലേക്ക് ഇന്റര്‍നെറ്റ് പകരാന്‍ ശേഷിയുള്ള ഹബ്ബുകളാക്കിമാറ്റുന്നതിനും ശ്രമം തുടങ്ങും.

സാംസങ് മാത്രമല്ല മറ്റ് പല കമ്പനികളും 'ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്' പ്രാവര്‍ത്തികമാക്കാന്‍ രംഗത്തുണ്ട്. മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ഐ.ഡി.സിയുടെ കണക്ക് പ്രകാരം 2020 ല്‍ മൂവായിരം കോടി കണക്്റ്റഡ് ഉപകരണങ്ങളെങ്കിലും ലോകത്തുണ്ടാകും.

സ്മാര്‍ട് ടി.വിയും സ്മാര്‍ട് ലൈറ്റ് ബള്‍ബും ഇന്റര്‍നെറ്റ് കണക്റ്റഡ് സെക്യൂരിറ്റി ക്യാമറകളുമുള്ള 'സ്മാര്‍ട് ഹോം' എന്ന കോണ്‍സെപ്റ്റുമായാണ് പല കമ്പനികളും സെസ് പ്രദര്‍ശനത്തിനെത്തിയത്.

ഫ്രഞ്ച് കമ്പനിയായ നെറ്റാറ്റ്‌മോ അവതരിപ്പിച്ച 'വെല്‍കം' എന്ന സ്മാര്‍ട് ക്യാമറ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ചെറിയൊരു സിലിണ്ടറിന്റെ ആകൃതിയിലുള്ള വെല്‍കം വീടിന്റെ ഏതെങ്കിലുമൊരിടത്ത് വച്ചാല്‍ മതി. അതിനുള്ളിലെ വൈഡ് ആംഗിള്‍ ക്യാമറയും ഇന്‍ഫ്രാറെഡ് സെന്‍സറും കൂരിരുട്ടില്‍ പോലും ദൃശ്യങ്ങള്‍ ഒപ്പിയെടുക്കും.

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയുളള ക്യാമറയാണിത്. വീട്ടിലെ താമസക്കാരുടെയും സന്ദര്‍ശകരുടേതുമായി ഇരുപതോളം മുഖങ്ങളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ സൂക്ഷിക്കാം. ഇവരില്‍ പെടാത്ത ആരെങ്കിലും വീടിനടുത്തേക്ക് വന്നിട്ടുണ്ടെങ്കില്‍ അവരുടെ വിഷ്വലുകള്‍ സഹിതം നിങ്ങളുടെ സ്മാര്‍ട്‌ഫോണിലേക്ക് വിവരമെത്തും. ഏപ്രിലോടെ 'വെല്‍കം' സ്മാര്‍ട്ക്യാമറ വില്പനയ്‌ക്കെത്തും.

സാധാരണ ഹോള്‍ഡറിലിട്ടാല്‍ നൈറ്റ് ബള്‍ബ് പോലെ പ്രവര്‍ത്തിക്കുന്ന 'ലിയോ' എന്ന സ്മാര്‍ട്ട് നൈറ്റ് ലൈറ്റും സെസ് വേദിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പുക അലാമോ കാര്‍ബണ്‍ മോണോക്‌സൈഡ് അലാമോ പ്രവര്‍ത്തിച്ചാല്‍ ആ വിവരം 'ലിയോ' വീട്ടുടമയെ സ്മാര്‍ട്‌ഫോണ്‍ വഴി അറിയിക്കും. വീട്ടുടമയെ ഫോണില്‍ കിട്ടിയില്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഫോണ്‍വിളിയെത്തും. 99 ഡോളറാണ് ഇതിന്റെ വില.

വീട്ടുപകരണങ്ങള്‍ മുഴുവന്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുമ്പോഴുണ്ടാകുന്ന സുരക്ഷാപ്രശ്‌നങ്ങളും ഇലക്‌ട്രോണിക് കമ്പനികളുടെ ചര്‍ച്ചാവിഷയമാണ്. ഇലക്‌ട്രോണിക് ക്യാമറയില്‍ ശേഖരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുക്കുമോ എന്നതാണ് പ്രധാനപ്പെട്ട വെല്ലുവിളി. ഈ പ്രശ്‌നം മറികടക്കുന്നതിനുള്ള വഴികള്‍ കമ്പനികള്‍ ആലോചിക്കുന്നുണ്ട്.

ഡാറ്റ കൈമാറുന്നതിന് ഓരോ കമ്പനികളും വ്യത്യസ്തമായ പ്രോട്ടോക്കോളാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇതു കാരണം വ്യത്യസ്ത കമ്പനികളുടെ ഗാഡ്ജറ്റുകള്‍ തമ്മിലുള്ള ഡാറ്റ കൈമാറ്റം ബുദ്ധിമുട്ടാണിപ്പോള്‍. ഈ പ്രശ്‌നം മറികടക്കാനായി ടെക്‌നോളജി കമ്പനികള്‍ ചേര്‍ന്ന് 'ഓള്‍സീന്‍ അലയന്‍സ്' എന്ന പേരിലൊരു കൂട്ടായ്മയുണ്ടാക്കിയിട്ടുണ്ട്. സോണിയും മൈക്രോസോഫ്റ്റും എല്‍.ജിയുമടക്കം നൂറോളം കമ്പനികള്‍ കൂട്ടായ്മയില്‍ അംഗങ്ങളാണ്. 

No comments:

Post a Comment