സ്മാര്‍ട്ഫോണുകളിലെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാര്യം വരുമ്പോള്‍ എല്ലാവരുടെയും മനസിലെത്തുക ആന്‍ഡ്രോയ്ഡ് എന്ന പേരാണ്. ഇന്നിറങ്ങുന്ന സ്മാര്‍ട്ഫോണുകളില്‍ 84.4 ശതമാനവും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡില്‍ ഓടുന്നവ തന്നെ. 11.7 ശതമാനം പേര് ആപ്പിള്‍ ഐ.ഒ.എസും 2.9 ശതമാനം പേര് വിന്‍ഡോസ് ഫോണും 0.5 ശതമാനം പേര് ബ്ലാക്ക്ബെറി ഒ.എസും ഉള്ള ഫോണുകളുപയോഗിക്കുന്നു.
ഇവയൊന്നുമല്ലാതെ മറ്റൊരു സാധ്യത അന്വേഷിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ലിനക്സ് അധിഷ്ഠിത ഉബുണ്ടു പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ഫോണ്‍ മോഡല്‍ ഉടന്‍ വിപണിയിലെത്തുന്നു. അക്വാരിയസ് ഇ4.5 ( Aquarius E4.5 ) എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ അടുത്തയാഴ്ച മുതല്‍ യൂറോപ്പില്‍ പരിമിതമായ തോതില്‍ വില്പനയ്ക്കെത്തുന്നു.
ബ്രിട്ടീഷ് കമ്പനിയായ കാനൊണിക്കലാണ് ഉബുണ്ടു മൊബൈല്‍ ഒ.എസിന്റെ സൃഷ്ടാക്കള്‍. മോണിറ്ററിലേക്ക് കണക്ട് ചെയ്താല്‍ മൊബൈല്‍ ഹാന്‍ഡ്സെറ്റ് കമ്പ്യൂട്ടറായി മാറുന്ന പദ്ധതിയായിരുന്നു കാനോണിക്കല്‍ ആദ്യം വിഭാവനം ചെയ്തത്. അതിനായി കമ്പനി ഏറെ നാള് ഗവേഷണം നടത്തുകയും ചെയ്തു.
ആ പ്രോജക്ട് വേണ്ട രീതിയില്‍ വിജയിക്കുന്നില്ലെന്ന് കണ്ടതോടെയാണ് സ്മാര്‍ട്ഫോണ്‍ ഒ.എസ്. നിര്‍മാണത്തില്‍ ശ്രദ്ധയൂന്നാന്‍ കാനോണിക്കല്‍ തീരുമാനിച്ചത്. സ്പാനിഷ് കമ്പനിയായ ബിക്യുവാണ് കാനോണിക്കലിന് വേണ്ടി ഉബുണ്ടു ഫോണ്‍ നിര്‍മിച്ചുനല്‍കുന്നത്.
4.5 ഇഞ്ച് ഡിസ്പ്ലേയാണ് അക്വാരിയസിലുള്ളത്. 1.3 ഗിഗാഹെര്‍ട്സ് മീഡിയാടെക് ക്വാഡ്കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ സ്റ്റോറേജ്, എട്ട് മെഗാപിക്സലിന്റെ പിന്‍ക്യാമറ, അഞ്ചു മെഗാപിക്സല്‍ മുന്‍ക്യാമറ, 2150 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ ഹാര്ഡ്വേര് സവിശേഷതകള്‍.
എച്ച്.ടി.എം.എം.എല്‍.5 വെബ് പ്രോഗ്രാമിങ് ഭാഷയിലോ ഉബുണ്ടുവിന്റെ സ്വന്തം ക്യു.എം.എല്‍. കോഡിലോ എഴുതപ്പെട്ട എല്ലാ മൊബൈല്‍ ആപ്ലിക്കേഷനുകളും അക്വാരിയസ് ഫോണില്‍ പ്രവര്‍ത്തിപ്പിക്കാനാകും.
പക്ഷേ ആന്‍ഡ്രോയ്ഡ് ഫോണുകളിലേതുപോെല ആപ്ലിക്കേഷനുകളെ അടിസ്ഥാനമാക്കിയുള്ള യൂസര്‍ ഇന്റര്ഫേസല്ല ഇതിലുള്ളത്. 'ഗൂഗിള്‍ നൗ' പേഴ്സണല്‍ അസിസ്റ്റന്റ് സിസ്റ്റത്തിലുള്ളതുപോലെ കാര്‍ഡ് സംവിധാനമാണ് ഈ ഫോണിലുള്ളത്. ഒരേ സ്വഭാവമുള്ള ആപ്ലിക്കേഷനുകളൊക്കെ ഒരു കാര്‍ഡില്‍ നിറയും.
ഉപയോക്താക്കള്‍ക്ക് ആവശ്യാനുസരണം ഈ കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്ത് മറ്റൊന്നിലേക്ക് പോകാം. ഇത്തരം കാര്‍ഡുകളെ 'സ്കോപ്പ്' എന്ന് പേരിട്ടാണ് കാനോണിക്കല്‍ വിശേഷിപ്പിക്കുന്നത്. ഹോം സ്ക്രീനില്‍ തന്നെ 'ടുഡേ സ്കോപ്പ്' ആണുണ്ടാകുക.
അതതു ദിവസത്തെ കാലാവസ്ഥ വിശേഷം, പ്രധാനപ്പെട്ട വാര്‍ത്താശകലങ്ങള്‍, ട്വിറ്റര്‍ ട്രെന്‍ഡുകള്‍, പതിവായി വിളിക്കുന്ന സുഹൃത്തുക്കളുടെ പട്ടിക എന്നിവയെല്ലാം ടുഡേ സ്കോപ്പിലുണ്ടാകും. ടുഡേ സ്കോപ്പില് ഒന്ന് വലത്തേക്ക് സൈ്വപ്പ് ചെയ്താല്‍ ഫോണ്‍വിളിക്കായുള്ള നമ്പര്‍പാഡ് തെളിയും.
പാട്ടുകള്‍ കേള്‍ക്കാനായി മ്യൂസിക് സ്കോപ്പ്, യൂട്യൂബില്‍ നിന്നുള്ള വീഡിയോകള്‍ കാണാനായി വീഡിയോ സ്കോപ്പ്, ഫോണിലെ ഫോട്ടോകള്‍ക്കൊപ്പം ഫെയ്സ്ബുക്ക് പോലുള്ള സൗഹൃദക്കൂട്ടായ്മാ സൈറ്റുകളിലെയും ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോ സ്കോപ്പ്, തൊട്ടടുത്തുള്ള റസ്റ്റോറന്റുകള്‍, പൊതുഗതാഗതസംവിധാനങ്ങള്‍, ഗതാഗതവിവരങ്ങള്‍ എന്നിവയറിയാനുളള നിയര്‍ബൈ സ്കോപ്പ്, മറ്റു കമ്പനികളുടെ പ്രോഗ്രാമുകളും ആപ്പുകളും പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പ്സ് സ്കോപ്പ് എന്നിവയും ഫോണിലുണ്ട്.
വിവിധ കമ്പനികളുടെ ആപ്പുകള്ക്കല്ല ഉപയോക്താവിന്റെ സൗകര്യത്തിനാണ് അക്വാരിയസ് ഫോണ്‍ പ്രഥമപരിഗണന നല്‍കുന്നതെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു.
'ആപ്ലിക്കേഷനുകള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മറ്റൊരു ഓപ്പറേറ്റിങ് സിസ്റ്റം കൂടിയുണ്ടാക്കിയതുകെണ്ട് യാതൊരു കാര്യവുമില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അതുകൊണ്ടാണ് നിലവിലുള്ള രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായൊരു ഒ.എസ്. ഉണ്ടാക്കാന്‍ ശ്രമിച്ചത്. നൂറായിരം ആപ്പുകള്‍ പരീക്ഷിക്കുന്നതിന് അത്തരം ആപ്പുകളുടെയല്ലൊം സൗകര്യങ്ങള്‍ സമ്മാനിക്കുന്ന സ്കോപ്പുകള്‍ ഉപയോഗിച്ചാല്‍ മതി. ഉപയോക്താക്കള്‍ ഏറെ പ്രയോജനപ്പെടുമിത്''- കാനോണിക്കല്‍ മൊബൈല്‍ ഒ.എസ്. വിഭാഗം വൈസ് പ്രസിഡന്റ് ക്രിസ്ത്യന്‍ പരീനോ പറയുന്നു.
യൂറോപ്പിലെ വിവിധ ഇ-ടെയ്ലിങ് വെബ്സൈറ്റുകളുമായി സഹകരിച്ചുകൊണ്ട് അക്വാരിയസ് ഫോണിന്റെ 'ഫ്ലൂഷ് സെയില്‍' നടത്താനുള്ള തയ്യാറെടുപ്പിലാണ് കാനോണിക്കല്‍. 170 യൂറോ (11,947 രൂപ) ആണ് ഈ ഫോണിന്റെ വില.



